ന്യൂഡല്‍ഹി : ബിഎസ്പി എംപി റിതേഷ് പാണ്ഡെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പിയില് നിന്നും രാജിവെക്കുന്നതായി റിതേഷ് നേരത്തെ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. യുപിയിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ലോക്സഭാംഗമാണ് റിതേഷ് പാണ്ഡെ.
പ്രധാനമന്ത്രി പാര്‍ലമെന്റ് കാന്റീനില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ് പാണ്ഡെ. ബിഎസ്പി നേതാവ് മായാവതിയെ പലതവണ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും, പാര്‍ട്ടി യോഗങ്ങള്‍ക്ക് തന്നെ വിളിക്കുന്നില്ലെന്നും റിതേഷ് ആരോപിച്ചു. പാര്‍ട്ടി വിടാന്‍ വൈകാരികമായി ബുദ്ധിമുട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജി വെക്കുന്നതെന്നും റിതേഷ് പാണ്ഡെ സൂചിപ്പിക്കുന്നു.
ഇത്തവണ റിതേഷിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് ഉറപ്പായതിനാലാണ് പാർട്ടി വിട്ടതെന്നാണ് ബിഎസ്പി വൃത്തങ്ങൾ പറയുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലുമായി റിതേഷ് സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലോക്സഭയിൽ 93% ഹാജർ ഉള്ള റിതേഷ് പാണ്ഡെ എംപി എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. റിതേഷ് ബിജെപി അംഗത്വം സ്വീകരിച്ച ചടങ്ങിൽ യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്ക് ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.