കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കല്ലിനിടിച്ചു കൊന്ന അസ്ഫാഖ് ജോലിക്കായി കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് . വിവിധ സ്ഥലങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട് . മൊബൈൽ മോഷണ കേസടക്കമുള്ള നിരവധി കേസുകളിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്.
പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ ഇയാൾക്ക് ഈ ക്രൂരകൃത്യത്തിൽ പങ്കില്ല. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു.
ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.