ന്യൂഡൽഹി: വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ തലവനുമായ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ കുറ്റം ചുമത്തണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. റൗസ് അവന്യൂ കോടതിയിൽ വാദം പൂർത്തിയാക്കിയ പൊലീസ് ബ്രിജ്ഭൂഷണെതിരെ മതിയായ തെളിവുണ്ടെന്നും വ്യക്തമാക്കി.
പരിശീലനത്തിനിടെ വനിതാതാരങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചത് പിതൃവാത്സ്യല്യത്തോടെയാണ് എന്നത് അംഗീകരിക്കാനാകില്ല. ചില സംഭവങ്ങൾ വിദേശത്ത് നടന്നതിനാൽ ഇന്ത്യയിലെ കോടതിയുടെ പരിധിയിൽ വരില്ലെന്നവാദവും നിലനിൽക്കില്ല. ബ്രിജ്ഭൂഷൺ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.
ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന വിനോദ് തോമറും കൂട്ടുപ്രതിയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടരൽ, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, പ്രായപൂർത്തിയാകാത്ത താരം മൊഴിമാറ്റിയതോടെ പോക്സോവകുപ്പിൽനിന്ന് ബിജെപി എംപിയെ പൊലീസ് രക്ഷിച്ചെടുത്തിരുന്നു. പരമാവധി ഏഴുവർഷംവരെ തടവ് ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് നിലവിലുള്ളത്.
നേരത്തേ കേസിൽ വാദം പൂർത്തിയായി വിധി പറയുന്നതിനു തൊട്ടുമുമ്പ് ജഡ്ജി ഹർജീത് സിങ് ജസ്പാലിനെ സ്ഥലംമാറ്റിയിരുന്നു. പകരമെത്തിയ ജഡ്ജി വീണ്ടും വാദം ആരംഭിക്കുകയായിരുന്നു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് പ്രിയങ്ക രാജ്പുത് കേസ് 20ന് വീണ്ടും പരിഗണിക്കും.