ന്യൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം.
ബ്രിജ് ഭൂഷന്റെ ജാമ്യം ഡൽഹി പൊലീസ് കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. ബ്രിജ് ഭൂഷൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. കനത്ത സുരക്ഷാ അകമ്പടിയോടെയാണ് പോലീസ് അദ്ദേഹത്തെ കോടതിയിൽ എത്തിച്ചത്. ജാമ്യത്തിനായുള്ള തുടർവാദം ഈ മാസം 20ന് വീണ്ടും കോടതിയിൽ നടക്കും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പോക്സോ ചുമത്തി ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങൾ. ജൂണ്‍ 15നു ബ്രിജ് ഭൂഷണെതിരെ ഡൽഹി പട്യാല കോടതിയില്‍ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എല്ലാ ലൈംഗികാതിക്രമ ആരോപണങ്ങളും ബ്രിജ് ഭൂഷൻ നിഷേധിച്ചു.