.തിരുവനന്തപുരം : കാട്ടാക്കടയിൽ നവ വധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ ലഭിച്ചില്ലെന്ന് ഇൻസ്പെക്ടർ ഡി.ഷിബുകുമാർ പറഞ്ഞു.
പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ–ഷൈലജ ദമ്പതികളുടെ മകളും പന്നിയോട് കല്ലാമം ഷിബിൻ ഭവനിൽ വിപിന്റെ ഭാര്യയുമായ സോന(22)ഞായർ രാത്രിയാണ് മരിച്ചത്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് വിപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. തിങ്കൾ പുലർച്ചെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ച വിപിനിനെ ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണത്തിൽ അസ്വാഭാവികത ഉണ്ടെങ്കിൽ അറിയാനാകൂ. ഫൊറൻസിക് സർജനെ കണ്ട് പൊലീസ് വിവരങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതുകൊണ്ടാണ് ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതെന്നു പൊലീസ് പറഞ്ഞു.
ഇരുവരുടെയും ഫോൺ കോൾ സംബന്ധിച്ച് പരിശോധന നടത്തും. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.