തൃശൂർ: വീട്ടിൽ നിന്നും കണ്ടെടുത്ത 15 ലക്ഷം രൂപ ആരോ കൊണ്ടുവന്നു വെച്ചുപോയ പണമെന്ന് കൈക്കൂലിക്കേസില്‍ പിടിയിലായ ഡോ. ഷെറി ഐസക്ക്.വിജിലൻസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനായ ഡോക്ടർ ശെരി ഈ വിചിത്ര വാദം ഉയർത്തിയത്. ആ പണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡോക്ടറുടെ നിലപാട്.
ഡോ .ഷെറിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. എറണാകുളത്തെ വിവിധ ബാങ്കുകളില്‍ ഇയാള്‍ക്കുള്ള അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തും.അതേസമയം, തൃശൂരിലെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. എറണാകുളത്തെ വീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി പണം കണ്ടെത്തിയിരുന്നു. 15 ലക്ഷത്തിന്റെ കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും എത്തുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ഇഡി എത്തുക.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ തൃശൂരിലെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്നു ഡോക്ടറെ സര്‍വീസില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 25വരെ വിജിലന്‍സ് കോടതി ഡോക്ടറെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്.ഡോക്ടറെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ നല്‍കുന്നില്ലെന്നും കൃത്യമായ തെളിവുകളോടെ പിടികൂടിയതിനാല്‍ ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി സി.ജി. ജിംപോള്‍ പറഞ്ഞു.