റിയോ ഡി ജനീറോ: ബ്രസീലിന്റെ വനിതാ ഫുട്ബോൾ ഇതിഹാസം മാർത്ത ദേശീയകുപ്പായമഴിക്കുന്നു. ഈ വർഷത്തോടെ രാജ്യാന്തര വേദിയിൽനിന്ന് പടിയിറങ്ങുമെന്ന് മുപ്പത്തെട്ടുകാരി അറിയിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയാണ്. 175 കളിയിൽ 116 വട്ടം വലകുലുക്കി. ‘2025ൽ മാർത്ത എന്ന കളിക്കാരി ദേശീയ ടീമിലുണ്ടാകില്ല’–-വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മുന്നേറ്റക്കാരി പറഞ്ഞു.
പാരിസ് ഒളിമ്പിക്സിൽ മാർത്ത ബ്രസീൽ നിരയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ആറാം ഒളിമ്പിക്സിനാണ് തയ്യാറെടുക്കുന്നത്. 2004ലും 2008ലും വെള്ളി നേടിയ ടീമിലംഗമായിരുന്നു. പുരുഷ-വനിതാ ലോകകപ്പ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയാണ്. ആറ് പതിപ്പുകളിലായി 23 കളിയിൽ 17 ഗോളുണ്ട്. പക്ഷേ ഒരിക്കലും ലോകകപ്പ് നേടാനായില്ല എന്നത് കളിജീവിതത്തിലെ മാർത്തയുടെ തീരാദുഃഖമായി തുടരും. 2007ൽ ജർമനിയോട് ഫൈനലിൽ തോറ്റിരുന്നു. കഴിഞ്ഞ പതിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലേ ബ്രസീൽ മടങ്ങി. 2002ലായിരുന്നു അരങ്ങേറ്റം. അമേരിക്കൻ ക്ലബ്ബായ ഒർലാൻഡോ പ്രൈഡിനായി നിലവിൽ കളിക്കുന്നത് തുടരും. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ആറുതവണ നേടിയിട്ടുണ്ട്.