റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. കാല്‍മുട്ടിന് പരിക്കേറ്റ നെയ്മറിന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ആറുമാസം വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നെയ്മര്‍ക്ക് നഷ്ടമാകും.
യുറഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. യുറുഗ്വാ താരത്തിന്റെ ഫൗളില്‍ നെയ്മര്‍ മൈതാനത്ത് തെറിച്ചു വീഴുകയായിരുന്നു. മത്സരശേഷം ഊന്നുവടിയില്‍ പോകുന്ന നെയ്മറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. 2024 ജൂണ്‍ 21 ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.