ബുണസ് ഐറിസ് : ലോകജേതാക്കളായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടി. ലാറ്റിനമെരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെ അർജന്റീന ഒന്നിനെതിരേ നാല് ഗോളിനു തകർത്താണ് രാജകീയമായ എൻട്രി. ആരാധകർ പ്രതീക്ഷിച്ച വീറുറ്റ പോരാട്ടത്തിനു പകരം ഏകപക്ഷീയമായി മാറിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അർജന്റീന 3-1 എന്ന നിലയിൽ ലീഡ് നേടിയിരുന്നു.
മത്സരത്തിനു മുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയാണ് അർജന്റീന കളത്തിലിറങ്ങിയത്. ഉറുഗ്വെ – ബൊളീവിയ മത്സരം സമനിലയിൽ പിരിഞ്ഞതോടെയായിരുന്നു ഇത്. ഇപ്പോൾ യോഗ്യതാ റൗണ്ടിലെ 14 മത്സരങ്ങളിൽ അവർക്ക് 10 ജയവും ഒരു സമനിലയും സഹിതം 31 പോയിന്റുണ്ട്. ലാറ്റിനമെരിക്കൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പിൽനിന്ന് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമാണ് അർജന്റീന. അതേസമയം, 14 മത്സരങ്ങളിൽ അഞ്ചാമത്തെ തോൽവി വഴങ്ങിയ ബ്രസീൽ ഇപ്പോൾ 21 പോയിന്റുമായി നാലാം സ്ഥാനത്താണ്. 23 പോയിന്റുള്ള ഇക്വഡോർ രണ്ടാം സ്ഥാനത്തും 21 പോയിന്റുള്ള ഉറുഗ്വെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സി മക്അലിസ്റ്റർ, ജൂലിയാനോ സിമിയോണി എന്നിവരാണ് ബ്രസീലിനെതിരേ അർജന്റീനയ്ക്കു വേണ്ടി ഗോളടിച്ചത്. മാത്യൂസ് കുഞ്ഞ ബ്രസീലിന്റെ ആശ്വാസ ഗോളിനും ഉടമയായി. പരുക്കേറ്റ സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന കളിക്കാനിറങ്ങിയത്.നാലാം മിനിറ്റിൽ തന്നെ അൽവാരസിലൂടെ അർജന്റീന മുന്നിലെത്തി. പന്ത്രണ്ടാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് ഉയർത്തിയ ശേഷം, 26ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ഏക ഗോൾ.
എന്നാൽ, 37ാം മിനിറ്റിൽ മക്അലിസ്റ്ററും 71ാം മിനിറ്റിൽ സിമിയോണിയും കൂടി സ്കോർ ചെയ്തതോടെ മത്സരത്തിൽ ബ്രസീലിന്റെ സാധ്യതകൾ പൂർണമായി അസ്തമിക്കുകയായിരുന്നു.മത്സരത്തിലുടനീളം ഇരുടീമുകളിലെയും താരങ്ങൾ തമ്മിൽ കയർക്കുകയും പലവട്ടം ഇതു കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.