സൂറിച്ച്: കഴിഞ്ഞ വർഷം ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ .ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.
59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം. സ്റ്റേഡിയത്തിൽ മാന്യത പുലർത്താത്തതിനാണ് അർജന്റീനക്കെതിരായ നടപടിക്ക് കാരണം. 23,000 ഡോളറാണ് ടീം അധികൃതർ നൽകേണ്ടിവരിക. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡോളർ പിഴ ശിക്ഷയും വിധിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷം നവംബർ 22നായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നത്. മത്സരത്തിൽ ബ്രസീലിനെ അർജന്റീന തോൽപിക്കുകയും ചെയ്തു. 63ാം മിനിറ്റിൽ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡിയുടെ ഗോളിലായിരുന്നു വിജയം. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഗ്യാലറിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ അക്രമിച്ചതിനെ തുടർന്ന് അർജൻറീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നീട് ഏറെ വൈകിയാണ് തുടങ്ങിയത്. മെസിയടക്കമുള്ള താരങ്ങൾ ഗ്യാലറിയിലേക്ക് പോകാനുള്ള ശ്രമവും നടത്തിയിരുന്നു.