തിരുവനന്തപുരം : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എൻഎസ്എസ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനം വന്നതിന് പിന്നാലെയാണ് എൻഎസ്എസ് പരോക്ഷ വിമർശനവുമായി എത്തിയത്.
രാഷ്ട്രീയത്തിൻ്റെ പേരുപറഞ്ഞ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണ്. ചടങ്ങിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമാണ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
കോൺഗ്രസിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. എൻഎസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.