ന്യൂഡൽഹി: കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേരളം പറയുന്ന അടിയന്തര സാഹചര്യം നിലവില്ല. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ ഹർജി ഉടനടി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നല്കിയ ഹർജി സുപ്രീം കോടതി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള നീക്കമാണ് ഇതെന്നും അറ്റോർണി ജനറൽ (എജി) ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്നമാണ് കേരളം ഉന്നയിക്കുന്നതെന്നും എജി വാദിച്ചു. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചു.
ബജറ്റ് വരികയാണ്, അതിനാൽ അടിയന്തര ഇടപെടൽ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ബജറ്റുമായി ബന്ധമുള്ള വിഷയമല്ലെന്നും ആർ. വെങ്കിട്ടരമണി വാദിച്ചു. കേരളത്തിന്റെ ഹർജി നിലനിൽക്കുന്നത് അല്ലെന്ന വാദവും എജി ഉയർത്തി.അതേസമയം കേരളം നൽകിയ ഇടക്കാല ഹർജിയിൽ കോടതി കേന്ദ്രത്തിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് അടുത്തമാസം 16-ലേക്ക് മാറ്റി.
പെൻഷനും മറ്റും നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന് ഈ മാസം 12-ന് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനുമടങ്ങുന്ന ബെഞ്ച് തയാറായില്ല.