മുംബൈ: രാമായണം സ്കിറ്റായി അവതരിപ്പിച്ച ഐഐടി വിദ്യാർത്ഥികൾക്ക് പിഴ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐഐടി ബോംബെ) ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാർഷിക പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിൽ ‘രാഹോവൻ’ എന്ന നാടകം അവതരിപ്പിച്ച 8 വിദ്യാർഥികൾക്കാണ് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തിയത് .’ രാഹോവന്‍’ എന്ന വിവാദനാടകം അവതരിപ്പിച്ചതിനാണ് വന്‍തുക പിഴ. രാമനെയും സീതയെയും ഹിന്ദുമതത്തെയും അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മാര്‍ച്ച് 31നാണ് നാടകം അരങ്ങേറിയത്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹിന്ദു വിശ്വാസങ്ങളെയും ദൈവങ്ങളെയും അവഹേളിക്കുന്ന പരാമർശങ്ങളുണ്ടെന്നും ആരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ നാടകത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഫെമിനിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ മറവിൽ നാടകം സാംസ്കാരിക മൂല്യങ്ങളെ പരിഹസിച്ചതായി പരാതിപ്പെട്ട വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പരാതികള്‍ മേയ് 8ന് അച്ചടക്ക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ 4ന് പിഴ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. നാല് വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തി. ഈ തുക ഏകദേശം ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമാണ്. മറ്റ് നാല് വിദ്യാർഥികൾക്ക് 40,000 രൂപ വീതം പിഴയിട്ടു. ബിരുദധാരികളായ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജിംഖാന അവാർഡുകളിൽ നിന്നുള്ള വിലക്ക് ഉൾപ്പെടെയുള്ള അധിക ഉപരോധങ്ങൾ നേരിടേണ്ടി വന്നു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 20ന് മുന്‍പ് സ്റ്റുഡൻ്റ് അഫയേഴ്സ് ഡീൻ ഓഫീസിൽ പിഴയടക്കണം.
പിഴ അടയ്ക്കാത്ത പക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്കി. രാമനെയും രാമായണത്തെയും പരിഹസിക്കുന്ന നാടകമാണെന്ന് ചൂണ്ടിക്കാട്ടി ‘ഐഐടി ബി ഫോർ ഭാരത്’ ഗ്രൂപ്പ് ഏപ്രിൽ 8ന് രംഗത്തെത്തിയതോടെയാണ് വിവാദം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. മഹാന്മാരെ പരിഹസിക്കാന്‍ വിദ്യാർഥികൾ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്ന് ഗ്രൂപ്പ് ആരോപിച്ചു. സീതയെ തട്ടിക്കൊണ്ടുപോയ രാവണനെയും ലങ്കയെയും നാടകത്തില്‍ മഹത്വവത്ക്കരിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഐടിയുടെ നടപടിയില്‍ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.