മുംബൈ: അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി. മൂന്നാമതും ഗര്‍ഭിണിയായ ജീവനക്കാരിക്കു മറ്റേണിറ്റി ലീവ് നിഷേധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.
സമൂഹത്തില്‍ പാതി വരുന്ന സ്ത്രീകളോട് ആദരവോടെ പെരുമാറേണ്ടതുണ്ട്. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ജോലി ചെയ്യുന്ന അവരെ തൊഴിലിടങ്ങളില്‍ അന്തസ്സോടെ പരിഗണിക്കണം- ജസ്റ്റിസുമാരായ എഎസ് ചന്ദുര്‍ക്കറും ജിതേന്ദ്ര ജയിനും അടങ്ങിയ ബെഞ്ച് പറഞ്ഞു. ജോലിയുടെ സ്വഭാവം എന്തുതന്നെയായാലും വനിതകള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുക തന്നെ വേണമെന്ന് കോടതി വ്യക്തമാക്കി.അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ പ്രക്രിയണ്. കുഞ്ഞിനു ജന്മം നല്‍കുന്നതിന്, ജീവനക്കാരിക്ക് നല്കാവുന്ന സൗകര്യങ്ങള്‍ തൊഴില്‍ ദാതാവ് പരിഗണനാപൂര്‍വം നല്‍കണം. ജോലിക്കിടെ അവര്‍ക്കുണ്ടാവുന്ന ശാരീരിക വൈഷമ്യങ്ങള്‍ തൊഴില്‍ദാതാവ് മനസ്സിലാക്കേണ്ടതുണ്ട്- കോടതി പറഞ്ഞു.രണ്ടു കുട്ടികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരിയുടെ മറ്റേണിറ്റി ലീവ് നിഷേധിച്ച എഎഐ നടപടി ചോദ്യം ചെയ്താണ്, ജീവനക്കാരുടെ സംഘടന കോടതിയില്‍ എത്തിയത്.