ഡൽഹി : രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്.ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. ഭീഷണി സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ വിമാനയാത്രയിൽനിന്ന് വിലക്കുക, കൂടുതൽ എയർ മാർഷലുകളെ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോംബ് ഭീഷണി ലഭിച്ച എയർ ഇന്ത്യ വിമാനത്തിന് എസ്കോർട്ടുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ടൈഫൂൺ വിമാനം എത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്ന ഒരു ഡസനോളം വിമാനങ്ങളിലാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ബുധനാഴ്ച അകാശ എയറിന്റെയും ഇൻഡിഗോയുടെയും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി. പിന്നീട് ഇത് വ്യാജ സന്ദേശങ്ങളാണെന്ന് മനസ്സിലായി. ഇതിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താനായി സൈബർ സുരക്ഷ ഏജൻസികളുമായും പൊലീസുമായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രവർത്തിക്കുന്നുണ്ട്.