കൊച്ചി : നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന് ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജഡ്ജി എ അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റര്‍ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു.
ഹണി റോസിനെതിരായ ദ്വയാര്‍ഥ പ്രയോഗം അശ്ലീലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.