കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.
ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരീരത്തിൽ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുൻപ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മർദിച്ചിട്ടില്ലെന്നു ബോബി കോടതിയിൽ പറഞ്ഞു.
ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നല്കിയാല് ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്കിയാല് മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടര്‍നടപടിയെന്നും എസിപി ജയകുമാര്‍ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.