


തൃശൂർ : ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി! നിള ബോട്ട് ക്ലബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വള്ളം കളി സംഘടിപ്പിച്ചത്. കയാക്കിങ് മത്സരവും, ചെറുവള്ളങ്ങളുടെ മത്സരവുമാണ് അരങ്ങേറിയത്.
നൂറുകണക്കിന് ആളുകളാണ് നിളയുടെ ഇരുകരകളിലും കൊച്ചിന് പാലത്തിന് മുകളിലുമായി കാഴ്ചക്കാരായി നിരന്നത്. തുഴയുടെ താളത്തിനൊത്ത് കൈയടിച്ചും ആര്‍പ്പ് വിളിച്ചും കാഴ്ചക്കാർ വള്ളം കളി ആസ്വദിച്ചു. കയാക്കിങിന് 17 ടീമുകളും ചെറുവള്ളം കളിക്ക് എട്ട് ടീമുമാണ് പങ്കെടുത്തത്.
കയാക്കിങ് മത്സരത്തിന് കണ്ണൂരില്‍ നിന്നുമെത്തിയ സ്വാലിഹ വനിതാ സാന്നിധ്യമായി. കയാക്കിങ് വള്ളം കളിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അമര്‍ സിങ് ഒന്നാം സ്ഥാനവും അര്ജുന് സിങ് രണ്ടാം സ്ഥാനവും നേടി. എറണാകുളത്ത് നിന്നെത്തിയ ആന്റണി മൂന്നാം സ്ഥാനം നേടി.
ചെറു വള്ളങ്ങളുടെ മത്സരത്തില്‍ കല്ലുകടവ് ജിബി തട്ടകന്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. കറുകമാട് ഫജിനി കമാന്‍ഡോസ് രണ്ടാം സ്ഥാനവും, തൈക്കാവ് ചെറിയ പണ്ഡിതന് ബോട്ട് ക്ലബ് മൂന്ന് സ്ഥാനവും നേടി.