ഫോര്‍ട്ട് കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കടല്‍ക്ഷോഭത്തില്‍ മുങ്ങി. ഫോര്‍ട്ട് കൊച്ചി സൗദി ഭാഗത്താണ് സംഭവം. തൊഴിലാളികള്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. രക്ഷപെട്ട അഞ്ചു പേരും അറുപതു വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. കടലിലെ പരിചയസമ്പന്നതയാണ് രക്ഷപ്പെടലിന് സഹായമായത്.
ചെറിയ പരിക്കുകളോടെ തളര്‍ന്നുപോയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിന്‍കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടു മറിഞ്ഞെങ്കിലും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നതിനാല്‍ നീന്തി രക്ഷപ്പെടാന്‍ സഹായകമായി. തഹസീല്‍ദാരും ഡെപ്യൂട്ടിതഹസീല്ദാരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ക്ക് നേതൃത്വം നല്കി.ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇതിന് പിന്നാലെ മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.