ന്യൂഡൽഹി : ലൈംഗിക പീഡന കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം. നോട്ടീസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകും. ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തലവനെ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. അതേസമയം കേസില്‍ അറസ്റ്റിലായ ദേവെഗൗഡയുടെ മകനും മുൻ മന്ത്രിയും എംഎൽഎയുമായ എച്ച്ഡി രേവണ്ണയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. എസ്ഐടി ആസ്ഥാനത്ത് താമസിപ്പിച്ച രേവണ്ണയെ രാവിലെ വീണ്ടും വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും.
രേവണ്ണയ്ക്ക് പുറമെ ഭാര്യ ഭവാനിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തേക്കും. തട്ടിക്കൊണ്ടുപോകലില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് തീരുമാനം. ഭവാനി അതിജീവിതയെ ഫോണിൽ വിളിച്ചതിന് ശേഷം ഒരാൾ വന്നു കൂട്ടി കൊണ്ടു പോയി എന്നായിരുന്നു മൈസൂർ പൊലീസിൽ ലഭിച്ച പരാതി. അതിജീവിതയെ ഇന്നതെ ഹോൻസൂരിലെ ഫാം ഹൗസിൽ നിന്ന് കണ്ടെത്തിയിരുന്നു.