ബംഗ്ളാദേശ് ആസ്ഥാനമായ ബ്ളിറ്റ്സ് എന്ന ഓണ്‍ലൈനില്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിക്കെതിരെ വന്ന വാര്‍ത്തക്ക് പിന്നില്‍ അതിശക്തമായ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നവരാണേറെയും. സെബി ചെയര്മാന് മാധബിപുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട വിവരങ്ങള്‍ വലിയ വിവാദങ്ങളുയര്‍ത്തിയിരുന്നു, മാധബിപുരിക്കും ഭര്‍ത്താവിനും അദാനിഗ്രൂപ്പിന്റെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്ന സെക്യുരിറ്റീസ് ആന്റ് ഏക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തിരുമാനിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധി തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോവുകയുമാണ്.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വന്നാല്‍ അദാനിഗ്രൂപ്പും, സെബിചെയര്മാനും ഒരു പോലെ വെട്ടിലാകും. അദാനിഗ്രൂപ്പുമായും സെബിയുമായും ബന്ധമുള്ള ഏത് രേഖകളും വിളിച്ചുവരുത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് കഴിയും. അപ്പോള്‍ ഇങ്ങനയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വരാതിരിക്കുക എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അദാനിഗ്രൂപ്പിനെതിരെ രാഹുല്‍ഗാന്ധി കടുത്ത നിലപാട് കൈക്കൊണ്ട സന്ദര്‍ഭത്തിലൊക്കെ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ സര്‍ക്കാര്‍ എല്ലാ ആയുധങ്ങളും പ്രയോഗിച്ചിട്ടുണ്ട് . ഈ വാര്‍ത്തയും അത്തരത്തിലൊരു ആയുധമാണോ എന്ന് സംശയിക്കുന്നവരേറെയാണ്. ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ളീഷ് ഓണ്ലൈന്മാധ്യമമാണ് ബ്ളിറ്റ്സ് എന്നാണ് അറിയുന്നത്. ഇന്ത്യാ അനുകൂല വാര്‍ത്തകള്‍ നല്കാന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൃഷ്ടിച്ചതാണ് ഈ ഓണ്ലൈന്മാധ്യമെന്നുള്ള ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇത്തരത്തില്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമെല്ലാം ചില വാര്‍ത്തമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതെല്ലാം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പിന്തുണയോടെയാണ് നടക്കുന്നതെന്നും സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ പ്രവര്ത്തി്ക്കുന്ന മാധ്യമത്തിലൂടെ ഈവിവരങ്ങള് നല്കിയാല് നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അതുകൊണ്ടാണ് ഇന്ത്യക്ക് വെളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓണ്ലൈന്മാധ്യമത്തിലൂടെ ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്കുന്നു.
കൊളംബിയാക്കാരിയായ യുവതിയുമായുള്ള ബന്ധത്തില്‍ രാഹുല്‍ഗാന്ധിക്ക് രണ്ടു മക്കളുണ്ടെന്നും ആ യുവതി അവിടുത്തെ ഒരുമയക്കുമരുന്നു രാജാവിന്റെ മകളാണെന്നുമാണ് ബ്ളിറ്റ്സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ന്യാക്ക് വിന്‍സി എന്ന പത്തൊമ്പതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സിയുമാണ് രാഹുലിന് ഈ ബന്ധത്തിലുള്ളതെന്ന് ലേഖനം എഴുതിയ സലാഹുദ്ദീന് ഷൊഹൈബ് ചൗധരി അവകാശപ്പെടുന്നു. ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിക്കുന്നുണ്ട്.
അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ഗാന്ധി തിരിയുമ്പോഴൊക്കെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയരാറുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ വരെ നീക്കമുണ്ടായി. ഇപ്പോൾ ലോക്സഭാ പ്രതിപക്ഷ നേതാവ് ആയതോടെ അത്തരം നീക്കങ്ങള്‍ക്ക് ശക്തികുറഞ്ഞു. എന്നാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്ത്യക്ക് വെളിയില്‍ രാഹുലിനെ പ്രതിരോധത്തിലാക്കാന്‍ സൃഷ്ടിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ ഗാന്ധി രണ്ടു പാസ്പോര്‍ട്ട് കയ്യില്‍ വയ്കുന്ന കാര്യവും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അദ്ദേഹം ഇംഗ്ളണ്ടില്‍ പഠിക്കുന്ന കാലത്ത് പേരുമാറ്റിയാണ് അവിടെ താമസിച്ചിരുന്നത്. കാരണം രാഹുലിന്റെ ജീവന് സിഖ്- തമിഴ് തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യാസര്ക്കാരാണ് രാഹുലിനെ പേരുമാറ്റി അവിടെ താമസിപ്പിച്ചിരുന്നതെന്നാണ് അന്നൊക്കെ പുറത്തുവന്നിരുന്ന വിവരം.
രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശത്തിനിടെ നരേന്ദ്രമോദിക്കെതിരെ അതിശക്തമായ പരാമര്‍ശങ്ങള്‍ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. അത് മുന്നില്‍ കണ്ട് അദ്ദേഹത്തെ അല്പമൊന്ന് സമ്മര്‍ദ്ധത്തിലാക്കി അതൊന്ന് തണുപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നത് എന്നത് വിശ്വസിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. രാഹുലിന്റെ വാക്കുകള്‍ക്ക് പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ പ്രചാരണം നല്‍കുമെന്ന് ബിജെപിക്കറിയാം. അദ്ദേഹം വിദേശത്തുവച്ചു നടത്തുന്ന വിമര്‍ശനങ്ങള്‍ ആഗോളതലത്തില്‍ മോദി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമോ എന്ന പേടിയും ബിജെപിക്കുണ്ട്്. അതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒരു ‘ ഇന്റലിജന്‍സ് ഓപ്പറേഷന്’ ആണ് ബ്ളിറ്റ്സ് ഓണ്‍ലൈനിലെ ഈ വാര്‍ത്തയെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.