കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടെയും വീടുകളില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ കണ്ടെടുത്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ പൊതുവെ, പ്രത്യേകിച്ച് അധികാരസ്ഥാനങ്ങളോടുടുത്ത് നില്ക്കുന്ന രാഷ്ട്രീയക്കാര്‍ മന്ത്രവാദം കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് എന്ന് പറയാറുണ്ട്. കോണ്‍ഗ്രസിലെ മാത്രമല്ല വിപ്ളവപാര്‍ട്ടിയിലെ നേതാക്കള്‍ പോലും പൂമൂടലും കുരുതിയുമൊക്കെ നടത്തിയെന്ന ആരോപണം പലകാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടുതാനും.
കോണ്‍ഗ്രസിലെ കൂടോത്രത്തിന് അതിലെ ഗ്രൂപ്പുവഴക്കുകളുമായി അഭേദ്യമായി ബന്ധമുണ്ട്. ഗ്രൂപ്പുവഴക്കുകള്‍ കത്തി നിന്ന 90 കളിലൊക്കെ ഇത്തരത്തില്‍ നിരവധി കൂടോത്രക്കഥകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ നിന്നും കേട്ടിട്ടുണ്ട്. ചില നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ കൂടുതല്‍ സമയം മന്ത്രവാദികളുടെ അടുത്ത് ചിലവഴിക്കുന്നതായി കേട്ടിട്ടുമുണ്ട്. എറണാകുളത്തുള്ള ഒരുപ്രമുഖനായ കോണ്‍ഗ്രസ് നേതാവ് മുട്ടയില്‍ കൂടോത്രം നടത്തുന്നതിൽ വിദഗ്ധനായിരുന്നുവത്രെ. തെരെഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ അദ്ദേഹം പ്രമുഖ മന്ത്രവാദികളുടെ അടുത്തെത്തി തന്നെ പാരവയ്കാന് സാധ്യതയുളള നേതാക്കള്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്താറുണ്ടായിരുന്നത്രെ. കേരളത്തിന് പുറത്തുളള ചില മന്ത്രവാദികളുടെ സഹായം നേടിയ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. അഖിലേന്ത്യാ തലത്തില്‍ പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രവാദികളെയും തന്ത്രികളെയും ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തിരുവനന്തപുരത്തുണ്ട്. കേന്ദ്രമന്ത്രിമാരായിരുന്ന നേതാക്കള്‍ വരെ പൂജക്കും മന്ത്രവാദത്തിനും ഒക്കെ ആളെ പറ്റിയ ആളുകളെ കണ്ടെത്താന്‍ ഇദ്ദേഹത്തിന്റെ സഹായം തേടുമായിരുന്നത്രെ.
കെപിസിസി ഓഫീസിലെ പ്രമുഖനായിരുന്ന വ്യക്തിയാണ് സുധീരന്റെയും, കെ സുധാകരന്റെയുമൊക്കെ വീട്ടില്‍ കൂടോത്രം ചെയ്തതെന്ന ആരോപണവും ശക്തമാണ്. കെപിസിസി ഓഫീസിനെ അടക്കിഭരിച്ചിരുന്ന ഇയാളെ വിഎം സുധീരന് പ്രസിഡന്റായി ശേഷം മൂലക്കിരുത്തിയിരുന്നു. ഇതോടെയാണ് വിഎം സുധീരന്റെ വീട്ടിലെ വാഴയുടെ ചുവട്ടില്‍ ഇയാള്‍ കൂടോത്രപ്രയോഗം തുടങ്ങിയതത്രെ. പലതവണ തകിടുകളും മറ്റും കണ്ടെടുത്തെങ്കിലും സുധീരന് ഇത് ആരോടും പറഞ്ഞില്ല. അവസാനം കൂടോത്രം അവസാനമില്ലാതെ തുടരുന്നത് കണ്ടപ്പോഴാണ് സുധീരന് ഇത് പരസ്യമാക്കിയത്.
കെ.സുധാകരന്റെ തിരുവനന്തപുരത്തെ പേട്ടയിലെ വീട്ടില്‍നിന്നും കെപിസിസി ഓഫിസിലെ മുറിയില്‍നിന്നും കൂടോത്ര സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്നും കൂടോത്രത്തിന്റെ ഭാഗമെന്ന് കരുതുന്ന തകിടുകളും മറ്റും കണ്ടെടുത്തു.കണ്ണൂര്‍ ഡിസിസി ഓഫിസ്, കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും ഇതെല്ലാം കണ്ടെടുത്തു. സുധാകരനു വേണ്ടി തെരഞ്ഞെടുപ്പില്‍ കെട്ടിയ ഒരു കോണ്‍ഗ്രസ് കൊടിക്കുള്ളില്‍ നിന്നും തകിട് കണ്ടെടുത്തിരുന്നു.: കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ലിഖിതമുള്ള ചെമ്പ് തകിടുകള്‍, എ്ന്നിവയാണ് കണ്ടെടുത്തത്.
സുധീരന്റെ വീട്ടിലെ കൂടോത്രം കണ്ടെടുത്ത് രാജ്മോഹന്‍ ഉണ്ണിത്താനാണ്. അദ്ദേഹം ഒരു മന്ത്രിവാദിയെയും കൊണ്ടുവന്നാണ് അത് കുഴിച്ചെടുത്തതത്രെ. കെ സുധാകരന്റെ വീട്ടില്‍ നിന്നും ഇവ കണ്ടെടുത്തപ്പോഴും സുധാകരന് പറഞ്ഞത് ആരാണ് ഇത് ചെയ്തത് എന്നറിയണമെങ്കില്‍ ഉണ്ണിത്താനോട് ചോദിക്കണമെന്നാണ്. കൂടോത്രം കണ്ടുപിടിക്കുന്ന വിദഗ്ധരായവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ കസ്റ്റഡിയിലു്ള്ളത് കൊണ്ടാണത്രെ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാഹുല്‍ഗാന്ധിയെപ്പോലെ സംസ്കാരസമ്പന്നനും ശാസ്ത്രീയ അവബോധമുള്ളയാളുമായ ഒരു നേതാവ് നയിക്കുന്ന നെഹ്റുവിയന്‍ ആശയങ്ങള്‍ ദിശാബോധം നല്കുന്ന കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയില്‍ ഇത്തരത്തില്‍ അന്ധവിശ്വാസജടിലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഉണ്ട് എന്ന് പുറത്തിറിയുന്നത് വലിയ നാണക്കേടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്