കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു വലിയ തോതിലുള്ള പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. വൊളന്റിയര്‍മാരായി നിന്നിരുന്നവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കരിങ്കൊടി കാണിച്ചതിനു പൊലീസ് നോക്കിനില്‍ക്കെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയും സഹപ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചതായി പൊലീസ് കസ്റ്റഡിയിലുള്ള മഹിത മോഹന്‍ ആരോപിച്ചു.