ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെയാണ് ബിജെപിക്ക് വോട്ടെടുപ്പിന് മുൻപേ തന്നെ ആദ്യ ജയം ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു . മറ്റ് എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തു. സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിക്ക് തൻ്റെ മൂന്ന് നിർദ്ദേശകരിൽ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളിയത്. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേട് സംബന്ധിച്ച് ബിജെപി നേരത്തെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സൂറത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവായി.