ജയ്പൂര്‍ : രാജസ്ഥാന് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രി സുരേന്ദ്രപാല്‍ സിങ് പരാജയപ്പെട്ടു. കോണ്‍ഗ്രസാണ് ഇവിടെ വിജയം നേടിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപീന്ദര്‍ സിങ് കൂന്നര്‍ ആണ് വിജയിച്ചത്. രാജസ്ഥാനില്‍ അധികാരം നേടി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി നിയമസഭാംഗമല്ലാത്ത സുരേന്ദ്രപാല്‍ സിങിനെ മന്ത്രിയാക്കിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ഗുര്‍മീത് സിങ് കൂന്നര്‍ മരിച്ചതിനെത്തുടര്‍ന്നാണ് കരണ്‍പൂരില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ ഗുര്‍മീതിന്റെ മകന് രൂപീന്ദര്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
വിജയത്തില്‍ രൂപീന്ദര്‍ സിങ് കുന്നറിനെ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അഭിനന്ദിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ് തിരിച്ചടിയാണ് കരണ്‍പൂരിലെ ജനങ്ങളുടെ വിധിയെഴുത്തെന്ന് ഗെഹലോട്ട് അഭിപ്രായപ്പെട്ടു.