പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകി പിസി ജോർജ്. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം തന്റെ പരിഗണനയിലില്ലെന്നാണ് പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.
സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും താൻ മത്സരിക്കില്ലെന്നും ജോർജ് വ്യക്തമാക്കി.ശക്തമായ മത്സരം നടക്കുന്ന കോട്ടയം മണ്ഡലത്തിൽ പിസി ജോർജ് ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് പത്തനംതിട്ട മണ്ഡലമാണ് താൻ പരിഗണിക്കുന്നതെന്ന കാര്യം പിസി ജോർജ് അറിയിച്ചത്. നേരത്തെ സിനിമാ താരം ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പല പ്രമുഖരുടെയും പേര് ഉയർന്നുകേട്ട മണ്ഡലമാണ് പത്തനംതിട്ട .
കോട്ടയത്ത് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു പ്രശ്നം ഉദിക്കുന്നില്ലെന്നായിരുന്നു പിസിയുടെ മറുപടി. “അങ്ങനെയൊരു പ്രശ്നം ഉദിക്കുന്നില്ല. ഞാൻ കോട്ടയത്ത് മത്സരിക്കില്ല. പത്തനംതിട്ട എന്ന് പറയുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്. പത്തനംതിട്ട പാർലമെന്റ് സീറ്റിലാണ് ഞങ്ങളുടെ നിയോജക മണ്ഡലം ഉള്ളത്” പിസി വ്യക്തമാക്കി. “അങ്ങനൊരു മത്സരം ഉണ്ടാവുന്നെങ്കിൽ ഞാൻ എന്റെ മണ്ഡലം വിട്ട് എങ്ങോട്ടും വലിഞ്ഞുകേറി ചെല്ലുകയില്ല. നിൽക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചാൽ ആലോചിക്കും അത് പത്തനംതിട്ടയാണെങ്കിൽ. എനിക്കൊരു നിർബന്ധവുമില്ല” പിസി ജോർജ് പറയുന്നു.
മത്സരിച്ചാൽ ജയം ഉറപ്പാണെന്ന ആത്മവിശ്വാസവും പിസി പ്രകടിപ്പിച്ചു. തോമസ് ഐസക് മത്സരത്തിന് ഇറങ്ങിയാൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും, തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിച്ചത്. പത്തനംതിട്ട സീറ്റ് കണ്ടുകൊണ്ട് തന്നെയാണ് പിസി ജോർജ് എൻഡിഎയിലേക്ക് ചേക്കേറിയതെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങൾ പത്തനംതിട്ടയുടെ ഭാഗമാണെന്ന സാഹചര്യത്തിൽ.