കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്. കൂച്ച് ബിഹാര്‍ മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ നിരവധി ബി.ജെ.പി അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബി.ജെ.പി എം.പിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്‍ നേതാക്കളുടെ അവകാശവാദങ്ങള്‍ക്കു പിന്നാലെയാണു പുതിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ മോദി സര്‍ക്കാരില്‍ മന്ത്രിയും യുവ ബി.ജെ.പി നേതാവുമായ നിഷിത് പ്രമാണികിന്റെ കൂച്ച് ബിഹാറിലെ തോല്‍വി ഈ കൂട്ട കൊഴിഞ്ഞുപോക്കിന്റെ വേഗം കൂട്ടിയിട്ടുണ്ടെന്നാണ് ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂലിനു വലിയ തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുള്ള പുതിയ കൂടുമാറ്റങ്ങളോടെ ബി.ജെ.പി ഭരിച്ച അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ തൃണമൂലിനു ഭൂരിപക്ഷം ലഭിച്ചതായി ‘ദി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭേതഗുരി 2, പ്രമാണികിന്റെ വീട് ഉള്‍പ്പെടുന്ന മാതല്‍ഹട്ട് എന്നിവിടങ്ങളിലെ ബി.ജെ.പി അംഗങ്ങള്‍ ഔദ്യോഗികമായി തന്നെ ടി.എം.സില് ചേര്‍ന്നുകഴിഞ്ഞു. കൂച്ച് ബിഹാറില്‍ നിഷിത് പ്രമാണികിനെ തോല്പിച്ച ജഗദീഷ് ചന്ദ്രബര്‍മ ബസൂനിയയുടെ സാന്നിധ്യത്തില്‍ ദിന്‍ഹട്ടയില്‍ നടന്ന പരിപാടിയിലാണ് നേതാക്കള്‍ തൃണമൂലില്‍ അംഗത്വമെടുത്തത്. ഭേതഗുരി ഒന്ന്, പരാദുബി, നയാര്‍ഹട്ട് എന്നിവിടങ്ങളിലെയും നിരവധി ബി.ജെ.പി പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ബി.ജെ.പി കാവി പെയിന്റടിച്ച ഭേതഗുരി രണ്ടിലെ പഞ്ചായത്ത് ഓഫിസിന്റെ നിറവും മാറിയിട്ടുണ്ട്. തൃണമൂല്‍ പതാകയുടെ നിറമായ വെളുപ്പും നീലയും നിറത്തില്‍ പെയിന്റ് മാറ്റി അടിച്ചിരിക്കുകയാണിവിടെ. പെയിന്റിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.