ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യാസഖ്യം മാറ്റുരയ്ക്കപ്പെട്ട ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. പന്ത്രണ്ടിനെതിരേ 16 വോട്ടുകള്‍ക്ക് ബിജെപിയുടെ മനോജ് കുമാര്‍ സോങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 35 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്.
എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച എഎപിയുടെ കുല്‍ദീപ് കുമാറിന് 12 വോട്ട് ലഭിച്ചപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവായി. എക്സ് ഒഫീഷ്യോ അംഗമായ കിരണ്‍ ഖേറിന്റെ വോട്ട് ബിജെപിക്കാണ് ലഭിച്ചത്. മേയർ, ഡപ്യൂട്ടി മേയർ, സീനിയർ ഡപ്യൂട്ടി മേയർ എന്നീ മൂന്നു പോസ്റ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വളരെ നാടകീയമായി അവസാനിച്ച തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ വലിയ വിവാദവും പ്രതിഷേധവും അരങ്ങേറി. ഇന്ത്യാ മുന്നണിയുടെ എട്ടുവോട്ടുകൾ അസാധുവായത് ബിജെപിയുടെ അട്ടിമറിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് എഎപി, കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു.