ദക്ഷിണേന്ത്യയിലെ ബിജെപി പ്രചാരണത്തിന്റെ ആസ്ഥാനമായി കേരളത്തെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി കുന്നംകുളത്തും കാട്ടാക്കടയിലും രണ്ട് റാലികളെ അഭിസംബോധന ചെയ്തു. തൃശൂര്‍, ആലത്തൂർ മണ്ഡലങ്ങള്‍ക്ക് വേണ്ടി കുന്നംകുളത്തും തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലുമായിരുന്നു യോഗങ്ങൾ. തൃശൂരില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തന്നെയാണ് മോദി പ്രധാന പ്രചാരണവിഷയമാക്കിയത്. കരുവന്നൂര്‍ അത്ര പെട്ടെന്ന് അവസാനിക്കുന്ന വിഷയമല്ലെന്ന സൂചനയാണ് നരേന്ദ്രമോദി നല്‍കുന്നതും.
തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ വിജയമോ പരാജയമോ അല്ല യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനെ അലട്ടുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കരുവന്നൂര്‍ ബാങ്ക്, സിഎംആര്‍എല്‍ മാസപ്പടി കേസുകളിൽ നിന്നും കേന്ദ്ര ഏജൻസികൾ പിന്വാങ്ങിയേക്കില്ലെന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ പിണറായിക്കും പാര്‍ട്ടിക്കും തലവേദനയാകുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ ഇഡിയും ബിജെപിയും നീങ്ങുന്നതെന്ന സംശയമാണ് സിപിഎമ്മിനുളളത്. അങ്ങനെയാണെങ്കിൽ എന്തും സംഭവിച്ചേക്കും എന്ന് പാര്‍ട്ടി ഭയക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടുകളുടെ ശതമാനക്കണക്ക് നിയോജകമണ്ഡലാടിസ്ഥാനത്തിൽ പരിശോധിച്ചാണ് വരുന്ന നിയമസഭാ ഇലക്ഷനില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയതന്ത്രം ബിജെപി രൂപപ്പെടുത്തുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടുകിട്ടിയ മണ്ഡലങ്ങളില്‍ തന്നെയായിരിക്കും 2026ലും ബിജെപി നേതൃത്വം ശ്രദ്ധ പതിപ്പിക്കുക. അതുകൊണ്ട് നിയമസഭാ തെരെഞ്ഞെടുപ്പ് വരെ കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തിയാലേ ബിജെപിക്ക് പ്രയോജനമുള്ളു. കേന്ദ്ര ഏജൻസികൾക്കുള്ള ബിജെപിയുടെ നിർദ്ദേശം അതാണെങ്കിൽ അടുത്ത രണ്ട് കൊല്ലം കേരളത്തിലെ സിപിഎം നേതൃത്വത്തിന് ഉറക്കമുണ്ടാകില്ലെന്നുറപ്പ്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കരുവന്നൂർ, മാസപ്പടിക്കേസുകളിൽ കേന്ദ്ര ഏജന്‍സികള്‍ പിടി അയക്കും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
കേരളം ആസ്ഥാനമാക്കി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രചാരണം ഏകോപിപ്പിക്കുകയാണ് ബിജെപി. കേരളത്തില്‍ വിജയിച്ചാൽ തെക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും. പ്രത്യേകിച്ച് തമിഴ്നാട്ടില്‍. അവിടെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് അധിക ദൂരം ഈ രീതിയിൽ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് ബിജെപിക്കറിയാം. എഐഎഡിഎംകെ ഇപ്പോൾത്തന്നെ നാഥനില്ലാക്കളരിയാണ്. സ്റ്റാലിന് ശേഷം മകന് ഉദയനിധി നേതൃത്വത്തിലേക്ക് വന്നാൽ ഡിഎംകെയില്‍ പൊട്ടിത്തെറി ഉണ്ടാകും. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കണമെങ്കില്‍ കേരളം പോലുള്ള സംസ്ഥാനത്ത് ആദ്യം കാലുറപ്പിക്കണം. കേരളത്തിലുണ്ടാകുന്ന ഏത് നേട്ടവും ബിജെപിക്ക് തമിഴ്നാട്ടിലും മറ്റു തെക്കൻ സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യത നൽകുമെന്നാണ് നരേന്ദ്രമോദിയടക്കം വിലയിരുത്തുന്നത്.
ഈ തെരഞ്ഞെടുപ്പിനായി രണ്ട് തന്ത്രങ്ങളാണ് കേരളത്തിന് വേണ്ടി ബിജെപി കേന്ദ്രനേതൃത്വം ആവിഷ്കരിച്ചത്. ആദ്യത്തേത് കോണ്‍ഗ്രസില്‍ നിന്നും പരമാവധി നേതാക്കളെ ബിജെപിയിലെത്തിക്കുക. രണ്ടാമത്തേത് ക്രൈസ്തവസഭകളെ കൂടെ നിര്‍ത്തുക. ഇതു രണ്ടും ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി നേതൃത്വത്തിന് മനസിലായി. ബിജെപിയുടെ ഇപ്പറഞ്ഞ ഇരുമുഖ തന്ത്രം പൊളിഞ്ഞതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നതും. ഇവയിൽ ഏതെങ്കിലും ഒന്നു വിജയിച്ചിരുന്നെങ്കിൽപ്പോലും സിപിഎമ്മിന് കൂടി അതൊരു രാഷ്ട്രീയനേട്ടമാവുമായിരുന്നു. എന്നാല്‍ രണ്ടു തന്ത്രവും പരാജയപ്പെട്ടതോടെ ഇനി തങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായിരിക്കുമോ ബിജെപി നടത്തുക എന്ന സംശയമാണ് സിപിഎമ്മിനുള്ളില്‍ ഉയരുന്നത്.
സിപിഎമ്മിലെ ചില നേതാക്കളെ ബിജെപി നോട്ടമിടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആ നേതാക്കള്‍ കളങ്കിതരായത് കൊണ്ട് മാത്രമാണ് അവരെ പേടിപ്പിച്ചു പാര്‍ട്ടിക്കുള്ളില്‍ നിര്‍ത്താന്‍ ഇപ്പോഴും കഴിയുന്നത്. എന്നാല്‍ കരുവന്നൂരിലും മാസപ്പടിയിലുമൊക്കെ ബന്ധപ്പെട്ടവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഇഡിയും കേന്ദ്ര ഏജന്‍സികളും നടത്തിയാല്‍ തങ്ങള്‍ വലിയ പ്രതിരോധത്തിലാകുമെന്ന് സിപിഎമ്മിനറിയാം. സിപിഎം നേരിടുന്ന ഭയം നിസ്സാരമല്ല. സിപിഎമ്മിന്റെ വോട്ടുബാങ്കിനെ ഇളക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാണെന്നും ബിജെപി മനസിലാക്കുന്നു. എതിരാളികള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നതിൽ ബിജെപി കേന്ദ്രനേതൃത്വം വിദഗ്ധരാണുതാനും