തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റാകും സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കുക. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പോള്‍ എക്സ്ചേഞ്ചില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് എന്നതു ശരിയാണ്. പക്ഷെ വിജയം ബിജെപിയുടേത് ആയിരിക്കില്ല. കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ആ രണ്ടക്കങ്ങളും പൂജ്യമാണ്. തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭാവിയും തിരുവനന്തപുരത്തിന്റെ ഭാവിയുമാണ് തന്റെ മനസ്സിലുള്ളത്. നിലവിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കിയില്ലെങ്കില്‍, രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നഷ്ടപ്പെട്ടേക്കാം. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തു കൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.