ന്യൂഡല്‍ഹി: ലൈംഗികാപവാദ ആരോപണത്തില്‍ കുടുങ്ങിയ ബിജെപി എംപിയും മുന്‍ ഗുസ്തി ഫെഡറേഷന് തലവനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന് ബിജെപി സീറ്റ് നിഷേധിച്ചേക്കും. ആറ് തവണ എംപിയായ ബ്രിജ്ഭൂഷന് ശരണ്‍സിംഗിനെതിരെ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളാണ് ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ബ്രിജ്ഭൂഷൺ സിംഗിന്റെ പകരക്കാരനായി മകനെ ഇറക്കി നേതാവിനെ അനുനയിപ്പിക്കാനാണ് ബിജെപി നീക്കം.
മുന്‍ ദേശീയ ഗുസ്തി മേധാവിക്ക് തുടര്‍ച്ചയായി മൂന്ന് തവണ പ്രതിനിധീകരിച്ച ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്ന് ഇത്തവണ ടിക്കറ്റ് ലഭിച്ചേക്കില്ലെന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന. ഇക്കാര്യം ബിജെപി നേതാവിനോട് സംസാരിച്ചതായും അദ്ദേഹത്തിന്റെ മകന് കരണ്‍ ഭൂഷണ് സിങ്ങിനെ കൈസര്‍ഗഞ്ചില്‍ നിന്ന് മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട് . ബ്രിജ്ഭൂഷനെതിരേ ഗുസ്തി താരങ്ങള്‍ തെരുവില്‍ പ്രതിഷേധങ്ങളും സമരങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും തനിക്ക് മത്സരിക്കണമെന്ന നിലപാടിലാണ് സിങ് .മൂത്തമകന് പ്രതീക് ഭൂഷണ് സിംഗ് എംഎല്‍എയാണ്. കരണ്‍ ഭൂഷണ് സിംഗ് നിലവില്‍ ഉത്തര്‍പ്രദേശ് ഗുസ്തി ബോഡിയുടെ തലവനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് കൈസര്‍ഗഞ്ചില്‍ വോട്ടെടുപ്പ്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി ഇന്ന് നടത്തുമെന്നാണ് കരുതുന്നത്.
ഒരു ദശാബ്ദത്തിലേറെയായി റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് കഴിഞ്ഞ വര്‍ഷം ആദ്യമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. രാജ്യത്തെ മുന്‍നിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ഇയാള്‍ക്കെതിരായ കേസ് ഡല്‍ഹി കോടതിയുടെ പരിഗണനയിലാണ്. പാര്‍ട്ടിയുടെ കൈസര്‍ഗഞ്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് കഴിഞ്ഞമാസം ബ്രിജ്ഭൂഷന് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. ”നിങ്ങള്‍ (മാധ്യമങ്ങള്‍) ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ കാരണമാണ് എന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.” അദ്ദേഹം പറഞ്ഞു.