ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ശക്തമായ പ്രചാരണായുധമാക്കുമെന്ന് പ്രതീക്ഷിച്ച വിഷയമാണ് അയോധ്യയിലെ രാമക്ഷേത്രം. ഒപ്പം പൗരത്വഭേദഗതി നിയമം, ജമ്മുകാശ്മീരിന്റെ 370ആം വകുപ്പ് റദ്ദാക്കല്‍ എന്നിവയൊക്കെ ബിജെപിയുടെ ആവനാഴിയിലെ എണ്ണം പറഞ്ഞ അസ്ത്രങ്ങളായി മാറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ ബിജെപി ഈ വിഷയങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കിയിട്ടില്ല. മറിച്ച് ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി പ്രതിപക്ഷസഖ്യത്തിന് രാഷ്ട്രീയായുധമായി മാറാതിരിക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. മോദിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി. അതോടൊപ്പം ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്കിയ വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങള്‍ കൈമാറാന്‍ എസ്ബിഐയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ബിജെപി തന്ത്രം മാറ്റി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപ്രചാരണം തുടങ്ങുമ്പോള്‍ രാമക്ഷേത്രവും പൗരത്വഭേദഗതിയുമൊക്കെ തല്ക്കാലം അലമാരയിൽ പൂട്ടിവച്ച ശേഷം പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണം നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത അറസ്റ്റാണ് ബിജെപിക്ക് തന്ത്രം മാറ്റേണ്ടിവന്നുവെന്ന സൂചന നല്‍കിയത്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ പ്രതിപക്ഷം ഒരുമിച്ചൊരു ആക്രമണം നടത്തിയാല്‍ ബിജെപിക്കത് രാഷ്ട്രീയമായി വലിയ പ്രതിസന്ധി ഉണ്ടാക്കും. രാമക്ഷേത്രം, സിഎഎ തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ കൊണ്ടുമാത്രം അതിനെ നേരിടാന്‍ കഴിയില്ലെന്ന് മോദിക്കറിയാം. അതുകൊണ്ടാണ് പ്രചാരണലൈൻ മാറ്റിപ്പിടിക്കാന്‍ സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങള്‍ തീരുമാനിച്ചത്. പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഏപ്രിൽ അവസാനവാരം, അതായത് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പിന്റെ സമയത്തായിരിക്കും ഒരുപക്ഷേ രാമക്ഷേത്രമൊക്കെ പൊടിതട്ടിയെടുക്കാന്‍ പോകുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇലക്ടറല്‍ ബോണ്ട് വിഷയം ചര്‍ച്ചയാകരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. കാരണം അങ്ങനെ ചര്‍ച്ച വന്നാല്‍ പ്രതിപക്ഷത്തിന് ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ ലഭിക്കും. അത് അപകടകരമാണെന്ന് ബിജെപിയിലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ക്ക് നന്നായി അറിയാം. തുടക്കത്തിൽ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ ചിലപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം. നിരവധി തെരഞ്ഞെടുപ്പുകള്‍ നേരിട്ടയാളാണ് നരേന്ദ്രമോദി. അമിത്ഷായും ജെപി നദ്ദയും അങ്ങനെ തന്നെ. അതുകൊണ്ട് തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ടങ്ങളില്‍ ഏതേത് തന്ത്രങ്ങള്‍ സ്വീകരിക്കണമെന്നും അവ എങ്ങനെ നടപ്പാക്കണമെന്നും അവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിൽ കടുത്ത ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. ആ സഖ്യത്തിലെ ഏത് നേതാവിനെയും തെരഞ്ഞെടുപ്പ് കാലത്തു പോലും അകത്താക്കാന്‍ ഇഡിക്ക് പറ്റും. കാരണം രാജ്യത്തെ എല്ലാ ബിജെപി ഇതര സര്‍ക്കാരുകളെ നയിക്കുന്നവര്ക്കെതിരെയും ഇഡി അന്വേഷണം ഏതെങ്കിലും തരത്തിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ഏത് ഘട്ടത്തിലും മറ്റൊരു അരവിന്ദ് കെജ്രിവാള് ഉണ്ടാകാനുള്ള സാധ്യതയും ഇന്ത്യാസഖ്യം മുന്‍കൂട്ടി കാണുന്നു.
അരവിന്ദ് കെജ്രിവാളിനെതിരെയുള്ള അഴിമതിയാരോപണവും തുടർന്നുണ്ടായ അറസ്റ്റും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. കാരണം തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ അഴിമതിക്കാര്‍ എന്ന് പ്രചരിപ്പിക്കേണ്ടത് ബിജെപിയുടെ അടിയന്തര രാഷ്ട്രീയാവശ്യമാണ്.
2014ല്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളാണ് ആ സര്‍ക്കാരിനെ താഴെ ഇറക്കിയതും മോദിയെ അധികാരത്തിലേറ്റിയതും. കൃത്യം പത്തുവര്‍ഷം കഴിയുമ്പോള്‍ അത് തിരിച്ചാവര്ത്തിക്കരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് പ്രതിപക്ഷമുന്നണിയെ മുഴുവനും അഴിമതിക്കാരെന്ന് മുദ്രകുത്താനുള്ള നീക്കം തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകും. ഏത് ആയുധവും വേണ്ട സമയത്ത് ഉപയോഗിക്കാന്‍ മിടുക്കുള്ളവരാണ് മോദിയും അമിത് ഷായും. ചുരുക്കത്തിൽ ഈ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയേക്കാള് ജാഗ്രത പാലിക്കേണ്ടത് പ്രതിപക്ഷം തന്നെയാണ്