തിരുവനന്തപുരം: എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി. ഹമാസ് ആക്രമണമാണ് യുദ്ധത്തിന് കാരണമായതെന്ന് ആരോപിച്ചാണ് ബിജെപി “ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി എത്തുന്നത്.
കേരളത്തില്‍ നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് പാർട്ടി തീരുമാനം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലിയും സംഗമവും. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് ക്രിസ്ത്യന്‍ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള ആശങ്ക അനുകൂലമാക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യം. റാലി വഴി മണിപ്പുര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ അവമതിപ്പ് മറികടക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. യുഡിഎഫും എല്‍ഡിഎഫും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി വഴി സാധിക്കുമെന്ന് ബിജെപി കരുതുന്നു.