
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി. ഈ മാസം 12 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ആലോചന. തിരുവനന്തപുരം നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും ഉറപ്പിച്ചു. പാലക്കാട് കെ സുരേന്ദ്രനെയും കായംകുളത്ത് ശോഭാ സുരേന്ദ്രനെയുമാണ് പരിഗണിക്കുന്നത്.
ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാൽപതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക.
കാട്ടാക്കടയിൽ – പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററിൽ – ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ – കുമ്മനം രാജശേഖരൻ, കായംകുളം – ശോഭ സുരേന്ദ്രൻ, പാലാ- ഷോൺ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം.