ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മദ്ധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവിന്റെ രാജി. മുൻ മന്ത്രി കൂടിയായ റുസ്തം സിംഗ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചു. റുസ്തം സിംഗ് രണ്ട് തവണ മത്സരിച്ച മൊറേന മണ്ഡലത്തിൽ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടിവിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റുസ്തം സിംഗ് ബിജെപിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് പാർട്ടി ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ രാജി വാർത്തയോട് പ്രതികരിച്ച് പറഞ്ഞു.
അതേസമയം, റുസ്തം സിംഗിന്റെ മകൻ ബിഎസ്പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകാതിരുന്നതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മകൻ രാകേഷ് സിംഗിന് മൊറേന മണ്ഡലത്തിൽ ബിഎസ്പി സീറ്റ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി രഘുരാജ് ഖൻസാനയും കോൺഗ്രസ് സ്ഥാനാർത്ഥി ദിനേശ് ഗുജ്ജറുമാണ്.വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് റുസ്തം സിംഗ്. സംസ്ഥാനത്തെ ബിജെപി സർക്കാരിൽ രണ്ട് തവണ ക്യാബിനറ്റ് മന്ത്രിയായിട്ടുണ്ട്. മൊറേന മണ്ഡലത്തിൽ ബിജെപിയുടെ ശക്തനായ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ മകന് ബിഎസ്പി സീറ്റ് ലഭിച്ചതോടെ പാർട്ടിക്ക് അദ്ദേഹത്തിലെ വിശ്വാസം നഷ്ടപ്പെട്ടു.
റുസ്തം സിംഗ് ഇപ്പോൾ ബിഎസ്പിയിൽ ചേർന്ന് മകന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.’പൊലീസ് സർവീസീൽ നിന്നും രാജിവച്ച തന്നെ ബിജെപി ബഹുമാനത്തോടെ സ്വീകരിച്ചു. ഞാൻ നല്ല രീതിയിൽ പ്രവർത്തിച്ചു, വികസന പ്രവർത്തനങ്ങൾ നടത്തി, മൊറേനയെ മികച്ച മണ്ഡലമാക്കാൻ ശ്രമിച്ചു. ഇത്തവണയും സർവേയിൽ പങ്കെടുത്ത മൊറേനയിലെ ജനങ്ങൾ ഞാൻ വീണ്ടും എംഎൽഎയാകണമെന്ന് ആഗ്രഹിച്ചെങ്കിലും ബിജെപി തന്നെ അവഗണിച്ചു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഇനിയും ആഗ്രഹിക്കുന്നു. അതിന് ഒരു സ്ഥലം ആവശ്യമാണ്. അതുകൊണ്ട് മകൻ ബിഎസ്പിയിൽ ചേർന്നു’- റുസ്തം സിംഗ് പറഞ്ഞു.
ബീരേന്ദ്ര രഘുവംശി, നാരായൺ ത്രിപാഠി, സർതജ് സിങ് എന്നീ എം.എൽ.എമാരും പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ഭീഷണി ഉയർത്തിയിട്ടുണ്ട്. കോൺഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പി സംസ്ഥാനത്ത് നേരിടുന്ന വെല്ലുവിളി അല്പം വലുതാണ്. പാർട്ടി സംസ്ഥാന അധ്യക്ഷനു മുൻപിൽ വരെ ശക്തമായി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയ സാഹചര്യം ബി.ജെ.പി കേന്ദ്രനേതൃത്വം ഗൗരവമായിയാണു കാണുന്നത്. അതേസമയം, മദ്ധ്യപ്രദേശിൽ കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത നേതാക്കളാണ് പാർട്ടി വിടുന്നത്. സീറ്റിനെ ചൊല്ലി മദ്ധ്യപ്രദേശിൽ നേതാക്കളുടെ പ്രതിഷേധം ഉയരുന്നുണ്ട്.