ആലപ്പുഴ : കായംകുളം നഗരസഭയിലെ 43ാം വാര്‍ഡില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത നഗര ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുസ്ലിം മത പ്രാര്‍ത്ഥന നടത്തിയത് വിവാദത്തില്‍. വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ നവാസ് മുണ്ടകത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.
ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനത്തിന് മുന്‍പാണ് മുസ്ലിം മതപരമായ പ്രാര്‍ത്ഥന നടത്തിയെന്ന് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതി ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന നടന്നത് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ഭരിക്കുന്നത് സിപിഐഎം ആണ്. ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തത് മന്ത്രി സജി ചെറിയാനാണെന്നും സിപിഐഎം – ലീഗ് കൂട്ടുകെട്ടിന്റെ ഭാഗമായാണ് മതപരമായ ചടങ്ങ് നടത്താന്‍ അനുവദിച്ചതെന്നും ബിജെപി ആരോപിച്ചു. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി സജി ചെറിയാനും, യു പ്രതിഭ എംഎല്‍എയും ഇക്കാര്യത്തില്‍ മറുപടി പറയണം. ചാലിശ്ശേരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനയെന്നും മുസ്ലീം ജനസംഖ്യ കൂടുതലുള്ള സ്ഥലമായതുകൊണ്ട് ആ വിഭാഗത്തിന് മുന്‍ഗണനയുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സന്ദീപ് വചസ്പതി പറഞ്ഞു.