ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ കരുത്ത് ചോര്‍ന്നിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ബിജെപിയുടെ അശ്വമേധം. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേക്ക്. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുന്നില്‍ നിര്‍ത്തി പോരാടിയ ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ് വെന്നിക്കൊടി പാറിച്ചത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ഇറങ്ങിയ കോണ്‍ഗ്രസിന് രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടമായി. എങ്കിലും തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിന് ആശ്വാസമായി.
വോട്ടെണ്ണലിന്റെ ആദ്യ അഞ്ചുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ മധ്യപ്രദേശില്‍ 162 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് വെറും 66 സീറ്റുകളിലേക്ക് ചുരുങ്ങി. മധ്യപ്രദേശില്‍ 49 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റേത് 41 ശതമാനമായി താഴ്ന്നു. ബിജെപിയുടെ ശിവരാജ് സിങ് ചൗഹാനും കൈലാഷ് വിജയ് വര്‍ഗിയയും പ്രഹ്ലാദ് പട്ടേലും ലീഡ് തുടരുകയാണ്. അതേസമയം കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പിന്നിലാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ച കമല്‍നാഥ് മുന്നിലാണ് എന്നാണ് ആശ്വാസം.
രാജസ്ഥാനില്‍ 111 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 100 സീറ്റ് മാത്രം മതി. കോണ്‍ഗ്രസിന്റെ ലീഡ് നില 73 സീറ്റുകളിലേക്ക് ചുരുങ്ങി. ബിജെപിയുടെ വസുന്ധരരാജ സിന്ധ്യ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചു. രാജസ്ഥാനില്‍ 43 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറ്റം കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 39 ശതമാനമായി കുറഞ്ഞു.
ഛത്തീസ്ഗഡില്‍ തുടക്കത്തില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് താഴേക്ക് പോകുന്നതാണ് കണ്ടത്. നിലവില്‍ 53 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് 90 നിയമസഭ സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് മാത്രം വേണ്ട സ്ഥാനത്താണ് ഈ മുന്നേറ്റം. 46 ശതമാനം വോട്ട് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 42 ശതമാനമാണ്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് 34 സീറ്റുകളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഭൂപേഷ് ബാഗേല്‍ ലീഡ് ചെയ്യുന്നതാണ് പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നത്.
തെലങ്കാനയില്‍ ഹാട്രിക് വിജയം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് മത്സരത്തിന് ഇറങ്ങിയ ബിആര്‍എസ് കാലിടറുന്നതാണ് കണ്ടത്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 66 സീറ്റുകളിലാണ് മുന്നേറ്റം കാഴ്ച വെച്ചത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. മുഖ്യമന്ത്രി കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. 41 ശതമാനം വോട്ട് നേടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 38 ശതമാനമാണ് ബിആര്‍എസിന്റെ വോട്ട് വിഹിതം.