ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ നടപ്പാക്കിയ ‘ഓപ്പറേഷന് ലോട്ടസി’ന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് ബിജെപിയോ സിപിഎമ്മോ? ഈ ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുയരുന്നത്. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശം ആ പാര്‍ട്ടിയെക്കാള്‍ ഗുണം ചെയ്യുക സിപിഎമ്മിന് തന്നെയാണെന്നാണ് നിഷ്പക്ഷമായി ആലോചിക്കുമ്പോൾ വ്യക്തമാകുന്നത്. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും ഭരണപരാജയത്തിനും എതിരെ ഉയരുന്ന ജനരോഷം ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയായിരുന്നു യുഡിഎഫിന്. യുഡിഎഫ് 20 ല്‍ 17 സീറ്റെങ്കിലും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിടി പോലെയാണ് കരുണാകരന്റെ മകള്‍ ഏറ്റവും നിര്‍ണ്ണായക നിമിഷത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
അവസാന നിമിഷം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയതുമില്ല. പത്മജ പാർട്ടി വിടുമെന്ന് കാലേക്കൂട്ടി മനസിലാക്കാന്‍ കേരളത്തിലെയും കേന്ദ്രത്തിലെയും നേതൃത്വത്തിന് കഴിയാതെ പോവുകയും ചെയ്തു. ബിജെപി നേതൃത്വവും പത്മജയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിനടുത്തായി എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഈ ചർച്ചകള്‍ക്കെല്ലാം ഇടനിലക്കാരനായി നിന്നത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ നടന് സുരേഷ് ഗോപിയായിരുന്നു. എന്നിട്ടും ഇതൊന്നും മൂന്കൂട്ടിക്കാണാനും തടയാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബമ്പര്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ നേരിടാന്‍ എന്ത് രാഷ്ട്രീയ തന്ത്രം പ്രയോഗിക്കണമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയിലായിരുന്നു സിപിഎം. മകള്‍ വീണയെ രക്ഷിക്കാന്‍ പിണറായി വിജയന് സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന ആരോപണം യുഡിഎഫ് അതിശക്തമായി ഉയര്‍ത്തുകയും മുസ്ലിംകൾ അടക്കമുള്ള ന്യുനപക്ഷങ്ങള്‍ക്കിടയില്‍ അത് രാഷ്ട്രീയചലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വലിയ പ്രതീക്ഷകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഓര്‍ക്കാപ്പുറത്തുള്ള ഈ ആഘാതം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും കണക്കൂകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചിരിക്കുകയാണ്.
കെ മുരളീധരനും ടിഎന്‍ പ്രതാപനും അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ വലിയ ആശങ്കയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജകമണ്ഡലത്തില്‍ മല്‍സരിച്ച് ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കിയയാള്‍ എന്ന നിലക്കാണ് ബിജെപി കെ മുരളീധരനെ വിലയിരുത്തുന്നത്. എന്ത് വിലകൊടുത്തും ഇത്തവണ വടകരയില്‍ കെ മുരളീധരനെ തോല്‍പ്പിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് ബിജെപി വോട്ടുകള്‍ നിര്‍ലോഭം ലഭിച്ചിരുന്നു. അത് കൊണ്ടാണ് പി ജയരാജനെപ്പോലെയുളള ഒരു നേതാവിനെ 85,000 പരം വോട്ടുകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ ബിജെപി കരുതിക്കൂട്ടിത്തന്നെയാണ് നില്‍ക്കുന്നത്. വടകരയിലെ മുസ്ലിം വോട്ടുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഈയിടെയായി മുരളീധരന് നടത്തിക്കൊണ്ടിരുന്നതും. അതിനെ പത്മജയിലൂടെ പൊളിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ടിഎന്‍ പ്രതാപന് തൃശൂരില്‍ കടുത്ത വെല്ലുവിളി ആണ് നേരിടുന്നത്. സുരേഷ് ഗോപിക്കൊപ്പം വിഎസ് സുനില്‍ കുമാര്‍ കൂടി സ്ഥാനാര്‍ത്ഥിയായതോടെ ശക്തമായ ത്രികോണമല്‍സരമാണ് സാംസ്കാരിക തലസ്ഥാനത്ത്. പത്മജയുടെ ചുവട് മാറ്റം പ്രതാപന് തിരിച്ചടിയാകുമെന്ന് മാത്രമല്ല വിഎസ് സുനില്‍കുമാറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു കൂടി കോണ്‍ഗ്രസ് മനസിലാക്കുന്നു. തൃശൂരില്‍ പത്മജയോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇപ്പോഴുമുണ്ട്. ചുരുക്കത്തില്‍ പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ തൃശൂരും വടകരയും സ്വന്തമാക്കമെന്നുളള സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷകള്‍ക്ക് തിളക്കം കൂടി. ബിജെപിയാകട്ടെ കോണ്‍ഗ്രസിന് ഇപ്പോള്‍ ഏല്‍പ്പിച്ച ആഘാതം തന്നെ വലിയൊരു രാഷ്ട്രീയ വിജയമായാണ് കാണുന്നത്.