തിരുവനന്തപുരം: രാജ്യത്ത് 35 പേര് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ അതില്‍ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ. രാജ്യത്തിന്റെ വികസനത്തില്‍ കേരള ജനത വഹിക്കുന്ന പങ്കിന്റെ ശോഭ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നു കെടുത്തുകയാണെന്ന് നഡ്ഢ പറഞ്ഞു .ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരു മുന്നണികളുടെയും അല്പ്പത്വ രാഷ്ട്രീയം മൂലം കേരള ജനതയുടെ ഈ പങ്കു രാജ്യം കാണാതെ പോവുകയാണെന്ന് നഡ്ഢ പറഞ്ഞു. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോള്‍ അഴിമതിയുടെ നാടായി മാറിയിരിക്കുന്നു. സ്വര്‍ണക്കടത്തും എഐ കാമറ അഴിമതിയുമൊക്കെയാണ് ഇവിടെ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരുടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് അരങ്ങേറുന്നത്. ഒരുകാലത്ത് സാമ്പത്തികമായി ശക്തമായിരുന്ന സംസ്ഥാനം ഇപ്പോള്‍ മൂന്നു ലക്ഷം കോടിയുടെ കടക്കെണിയിലേക്കു വീണിരിക്കുന്നു- നഡ്ഢ പറഞ്ഞു.കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ദേശീയപാത 66നു 55,000 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 1,266 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
മോദി സര്‍ക്കാര്‍ രാജ്യത്ത് 54,000 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകള്‍ ആറുവരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനു വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. വന്ദേഭാരത് ട്രെയിന്‍ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചു. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സര്‍ക്കാര്‍ അനുവദിച്ചതായി ജെ.പി നഡ്ഡ പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.