ന്യൂഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത്ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചതിലും നേതൃത്വം കടുത്ത നീരസത്തിലാണ്. കേന്ദ്രമന്ത്രി എന്ന പദവിയിലിരുന്ന് സിനിമചെയ്യാൻ സുരേഷ്ഗോപിക്ക് അനുമതി നൽകിയേക്കില്ല എന്നാണ് റിപ്പോർട്ട്.
ഇനിയും കടുത്ത നിലപാട് തുടർന്നാൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണിച്ചേക്കും. 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു എന്ന പ്രസ്താവനയാണ് നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് പണമുണ്ടാക്കുന്ന മറ്റുജോലികളിൽ മന്ത്രിമാർക്ക് ഏർപ്പെടാൻ അനുവാദമില്ല. ഇതിൽ നിന്ന് മാറി സുരേഷ്ഗോപിക്ക് അനുമതി നൽകിയാൽ അതൊരു കീഴ്വഴക്കമാകാൻ ഇടയാക്കിയേക്കും എന്ന ഭീതിയും കേന്ദ്രത്തിനുണ്ട്. അടുത്തിടെ ഫിലിംചേമ്പർ നൽകിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സുരേഷ്ഗോപിയുടെ വിവാദ പരാമർശമുണ്ടായത്. സിനിമ താൻ ചെയ്യുമെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ;
‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബർ ആറാം തീയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിർവാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്ക്രിപ്റ്റിനാണ് ആർത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നൽകാമെന്ന് പറഞ്ഞിട്ടുണ്ട് സെപ്തംബർ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്ക് ഞാൻ അല്ലെങ്കിൽ പ്രൊഡ്യൂസർ ഒരു കാരവാൻ എടുത്ത് കൊടുക്കും. ‘
‘ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. എങ്കിൽ എനിക്ക് തൃശൂർക്കാരെ കൂടുതൽ പരിഗണിക്കാൻ പറ്റും. എനിക്ക് ഇവിടെ തന്നെ നിൽക്കാം. ഇപ്പോൾ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂർക്കാർക്കാണ് എന്നെ ഇപ്പോൾ പൂർണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നിൽ ഞാൻ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നൽകാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രി കസേര എന്ന് പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാൻ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോവും’