ബംഗളൂരു : സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്ഷകന് ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍നിന്നുള്ള ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
തന്റെ ഭൂമി വഖഫ് ബോര്‍ഡ് കൈയേറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹാവേരി ജില്ലയിലെ ഒരു കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ബംഗളൂരു സൗത്ത് എംപിയായ തേജസ്വി സൂര്യ എക്സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടകയില്‍ വിനാശകരമായ ദുരന്തം സൃഷ്ടിച്ചുവെന്നും അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും വാര്‍ത്തക്കൊപ്പം കുറിപ്പും എഴുതി. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് ഹവേരി ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയതോടെ എംപി പോസ്റ്റ് നീക്കം ചെയ്തു.
രുദ്രപ്പ ചന്നപ്പ ബാലികായിയുടെ ആത്മഹത്യ വായ്പയും വിളനഷ്ടവും മൂലമാണെന്നും പങ്കിട്ട വാര്‍ത്ത തെറ്റാണെന്നും പിന്നീട് എസ് പി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 353 (2) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷം, ദുരുദ്ദേശം എന്നിവ സൃഷ്ടിക്കുന്നതിനായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് കേസ്.
എംപിക്കെതിരായ കേസ് കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദം ഉയര്‍ത്തി. പ്രശസ്തവും വിശ്വസനീയമായ നിരവധി മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന്ബിജെപി പറഞ്ഞു . എസ്പിയുടെ വിശദീകരത്തിന് ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്തെന്ന് തേജസ്വി സൂര്യ പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ ന്യായവും സ്വതന്ത്രവുമായ റിപ്പോര്‍ട്ടിങിനായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.