ന്യൂഡൽഹി : ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ബിധുരി ഇത്തരക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ബിധുരിയുടെ അധിക്ഷേപം കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ബിധുരിയുടെ പരാമർശങ്ങളിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും ബിധുരിയുടെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. ലോക്സഭാ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോയെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി ചോദിച്ചു.
മുസ്ലിംകളെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. കോൺഗ്രസ് നേതാവ് പവൻ ഖേര, എ.എ.പി നേതാവ് സഞ്ജയ് സിങ്, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവരും ബിധുരിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
അതേസമയം പാർലമെന്റ് അംഗത്തിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടും നടപടിയെടുക്കാൻ സ്പീക്കർ തയ്യാറായില്ല. ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാവുമെന്ന താക്കീത് മാത്രമാണ് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്.