ന്യൂഡൽഹി : ലിവ് ഇൻ റിലേഷൻഷിപ്പ് തടയാൻ നിയമം വേണമെന്ന വിചിത്രവാദവുമായി ബിജെപി എംപി ധരംബിർ സിങ്. ലിവ് ഇൻ റിലേഷൻ അത്യന്തം ഗുരുതരമായ രോഗമാണെന്നും ധരംബിർ ലോക്സഭയിൽ ശൂന്യവേളയിൽ പറഞ്ഞു. പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് ഉയർന്നതാണെന്നും അതിനാൽ അത്തരം കൂട്ടുകെട്ടുകൾക്ക് വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ധരംബിർ ആവശ്യപ്പെട്ടു.
ഇപ്പോൾ ഗുരുതരമായ ലിവ് ഇൻ റിലേഷൻ എന്ന ഒരു സാമൂഹിക തിൻമകൂടി ഉയർന്നുവന്നിരിക്കുന്നു. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കുന്നതിനെയാണ് ലിവ് ഇൻ റിലേഷൻ എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ അത്തരം ബന്ധങ്ങൾ സാധാരണമാണ്. ഈ ദുഷിച്ച പ്രവണത നമ്മുടെ സമൂഹത്തിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യാഘാതം ഭീകരമാണ്. അടുത്തിടെ നടന്ന ശ്രദ്ധ വാൽകറുടെ കൊലപാതകം ഇതാണ് കാണിക്കുന്നത്. ശ്രദ്ധയും പങ്കാളി അഫ്താബും ലിവ് ഇൻ റിലേഷനിലായിരുന്നു. ഡൽഹി ഇതേ രീതിയിൽ ഒരുപാടാളുകൾ ഒരുമിച്ച് കഴിയുന്നുണ്ട്. ഇത് നമ്മുടെ സംസ്കാരത്തെ തകർക്കുന്നു. അതിനാൽ ലിവ് ഇൻ റിലേഷൻഷിപ്പിന് എതിരെ നിയമം കൊണ്ടുവരണമെന്ന് നിയമമന്ത്രിയോട് അഭ്യർഥിക്കുകയാണ് – സിങ് പറഞ്ഞു.