ലഖ്നൗ : ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ തന്നെ രംഗത്ത്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ ആരോപിച്ചു.
ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.
ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണ്. യുപി ചീഫ് സെക്രട്ടറി ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അയോധ്യയിലെ ഭൂമി കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.
ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യുപി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.
യാത്രക്ക് അനുമതി തേടി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. കലശയാത്ര എല്ലാ വർഷവും നടത്തിവരാറുള്ളതാണ്. ഇത്തവണ മാത്രമാണ് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് തടഞ്ഞതെന്നും ഗുർജാർ പറഞ്ഞു.