ന്യൂഡല്‍ഹി : 45 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ വൈദ്യുതി വിതരണം ബിജെപി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബുരാരിയിലെ ജഗത്പൂർ ഗ്രാമവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ദീർഘനേരം വൈദ്യുതി മുടക്കം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ വൈദ്യുതി വകുപ്പിനെതിരെ തിരിഞ്ഞത്.
“ഞങ്ങൾ വളരെ കഷ്ടപ്പെട്ടാണ് ഡൽഹിയിൽ വൈദ്യുതി സംവിധാനം സ്ഥാപിച്ചത്, വളരെയേറെ കഠിനാധ്വാനം ചെയ്തു. ഞങ്ങൾ ദിവസവും സൂക്ഷ്മമായി വകുപ്പിനെ നിരീക്ഷിച്ചു. പത്ത് വർഷമായി എവിടെയും വൈദ്യുതി മുടക്കം ഉണ്ടായിരുന്നില്ല. ഒന്നര മാസം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയിലെ വൈദ്യുതി നില വഷളാക്കി”- എക്സിലെഴുതിയ കുറിപ്പില്‍ കെജ്രിവാള് വ്യക്തമാക്കി.
പ്രദേശത്ത് ദീർഘനേരം വൈദ്യുതി തടസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജഗത്പൂർ ഗ്രാമവാസികൾ ഔട്ടർ ഡൽഹി റിംഗ് റോഡ് ഉപരോധിച്ചിരുന്നു. അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ വീഡിയോ പങ്കുവെച്ചാണ് കെജ്രിവാളിന്റെ കുറിപ്പ്.
അതേസമയം സര്‍ക്കാര്‍ അവതരിപ്പിച്ച, ഒരു ലക്ഷം കോടി രൂപയുടെ ബജറ്റിന്റെ അവകാശവാദങ്ങള്‍ക്കെതിരെയും എഎപി രംഗത്ത് എത്തി. രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വർദ്ധനവാണിതെന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത അവകാശപ്പെടുന്നത്. എന്നാല്‍ ഒരു സാമ്പത്തിക സർവെയും ഇല്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അതിഷി നിയമസഭാ സ്പീക്കർക്ക് കത്തെഴുതുകയും ചെയ്തു.