ന്യൂഡൽഹി : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം.പിയും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോവുകയാണെന്ന് സ്വാമി തുറന്നടിച്ചു.
വ്യക്തി ജീവിതത്തിൽ ഇതുവരെ ഭഗവാൻ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നും പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ പോലും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു. “തന്റെ പ്രധാനമന്ത്രി പദവി പൂജയിൽ പൂജ്യനായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്. വ്യക്തിപരമായ ജീവിതത്തിൽ മോദി ഭഗവാൻ രാമനെ അനുഗമിച്ചിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ. പ്രധാനമന്ത്രി എന്ന നിലയിൽ മോദി കഴിഞ്ഞ ദശകത്തിൽ രാമരാജ്യമനുസരിച്ച് പ്രവർത്തിച്ചിട്ടുമില്ല”- സ്വാമി എക്സിൽ കുറിച്ചു.
ഉച്ചയ്ക്ക് 12.05ന് രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥിയാണ് മോദി. നേരത്തെയും നിരവധി തവണ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുള്ള നേതാവാണ് സുബ്രഹ്മണ്യൻ സ്വാമി. മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും അങ്ങനെയുള്ള ഒരാൾക്കെങ്ങനെ രാമക്ഷേത്രത്തിൽ പൂജ ചെയ്യാനാവുമെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചിരുന്നു.