റാഞ്ചി : ജാർഖണ്ഡിലെ ബിജെപി നേതാവും മുൻ ജില്ലാ പരിഷത്ത് അംഗവുമായ അനിൽ ടൈഗർ വെടിയേറ്റ് കൊല്ലപ്പെട്ടു. റാഞ്ചിയിലെ കാങ്കെ പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
കാങ്കെ ചൗക്കിലെ താക്കൂർ ഹോട്ടലിൽ അനിൽ ടൈഗർ ഇരിക്കുമ്പോൾ, മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ തലയിൽ വെടിവയ്ക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പോലീസ് എത്തി അനിൽ ടൈഗറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവം നടന്ന് അധികം വൈകാതെ തന്നെ പോലീസ് നീക്കത്തിൽ ആക്രമികളെ അറസ്റ്റ് ചെയ്തു. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഭൂമി തർക്കമാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.