കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കേരളത്തിലെ സിപിഎം ചില നിർണായകമായ തീരുമാനങ്ങൾ എടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിലെ ക്ഷേത്രകമ്മിറ്റികളിൽ കടന്നു കൂടുകയും അതിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്യുക എന്നത്. ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം കയ്യടക്കുന്നു എന്ന തിരിച്ചറിവിലാണ് സിപിഎം ഇത്തരമൊരു നീക്കം നടത്തിയത്.
എന്നാൽ അമ്പലക്കമ്മിറ്റികൾ പിടിക്കാനുള്ള സിപി എം നീക്കത്തെ എന്തുവിലകൊടുത്തും നേരിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തു ചേർന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായി ബിജെപി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ക്ഷേത്രകമ്മിറ്റികളിൽ സിപിഎമ്മിന് സൂചികുത്താൻ പോലും അവസരം നൽകരുത് എന്നാണ് ബിജെപി എടുത്തിരിക്കുന്ന തീരുമാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായ വോട്ടുകൾ പ്രതീക്ഷിക്കാത്ത വിധത്തിൽ ബിജെപിയിലേക്ക് ഒഴുകിയെത്തിയിരുന്നു. അവ കൂടുതലും പരമ്പരാഗത സിപിഎം വോട്ടുകളുമായിരുന്നു. ഇതു അപകടമാകുമെന്ന് തിരിച്ചറിഞാണ് കണ്ണൂർ ജില്ലയിൽ പ്രയോഗിച്ചു ഒരു പരിധിവരെ വിജയിച്ച അമ്പലങ്ങൾ പിടിച്ചെടുക്കുക എന്ന രാഷ്ട്രീയ തന്ത്രം കേരളം മുഴുവൻ പരീക്ഷണാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
എന്നാൽ കണ്ണൂർ അല്ലാ കേരളം എന്ന് സിപിഎമ്മിനെ മനസിലാക്കികൊടുക്കണമെന്നാണ് ബിജെപി നേതൃത്വം പ്രതിജ്ഞ എടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ കടന്നുകയറാൻ ബിജെപിക്ക് സാധിച്ചു എന്നാണ് ആ പാർട്ടിയുടെ ദേശീയ സംസ്ഥാന നേതൃത്വം ഒരേ പോലെ വിലയിരുത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇനി സിപിഎമ്മിന്റെ അപ്രമാദിത്വം ഇത്തരം കാര്യങ്ങളിൽ അനുവദിച്ചു കൊടുക്കേണ്ട എന്നതാണ് ബിജെപിയുടെ തീരുമാനം.
കേരളത്തിൽ നൂറുക്കണക്കിനു സ്വകാര്യ ക്ഷേത്രങ്ങൾ ഉണ്ട്. വടക്കേ മലബാറിൽ ഇത്തരം ക്ഷേത്ര കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഒരു കാലത്തു ബിജെപിയും സിപിഎമ്മുമായി വലിയ പോരാട്ടങ്ങൾ തന്നെ നടന്നിട്ടുണ്ട്. പലപ്പോഴും അവ രാഷ്ട്രീയ ഏറ്റു മുട്ടലുകളായി മാറിയിട്ടുണ്ട്.ചിലപ്പോഴൊക്കെ ഇതു കൊലപാതകങ്ങൾക്ക് വഴിമാറുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മധ്യ തെക്കൻ കേരളത്തിൽ സമുദായിക സംഘടനകൾ ശക്തമായിരുന്നത് കൊണ്ട് ഭൂരിപക്ഷം സ്വകാര്യ ക്ഷേത്രങ്ങളും അവരുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ ബിജെപിക്കും സിപിഎമ്മിനുമൊന്നും കാര്യമായ റോളൊന്നും ഉണ്ടായിരുന്നുമില്ല.
എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിവരികയാണ്. മധ്യ തെക്കൻ കേരളത്തിൽ ധാരാളം ക്ഷേത്രങ്ങൾ ഉള്ള എസ് എൻ ഡി പി യോഗം പോലെയുള്ള സമുദായിക സംഘടനകൾ വളരെ പ്രത്യക്ഷമായി ബിജെപിയുമായി കൈകോർതിരിക്കുകയാണ്.എൻ എസ് എസ്, വിശ്വകർമ്മ സഭാ, ധീവര സഭാ തുടങ്ങിയ സമുദായ സംഘടനകളാകട്ടെ സംഘപരിവാറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് സിപി എമ്മിന്റെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.എന്നാൽ
സിപിഎമ്മിന്റെ ഈ പരിപാടിയെ രാഷ്ട്രീയമായി തന്നെ തടയാനാണ് ബിജെപിയുടെ ശ്രമം. രണ്ടുരാഷ്ട്രീയപാർട്ടികൾ ഒരേ വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് നീങ്ങുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന പരിണാമമാണിത്. എന്നാൽ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. ഒരു മതേതര സാമൂഹ്യക്രമത്തിൽ ദേവാലയങ്ങളുടെ നിയന്ത്രണത്തിനായി രാഷ്ട്രീയ പാർട്ടികൾ പോരടിക്കുന്നത് ഒട്ടും ആശാസ്യമായ കാര്യവുമല്ല.