കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 35000ത്തിലധികം വോട്ടുകള്‍ നേടിയ അറുപത് നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരി്ച്ചുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കേരളാ നേതൃത്വം ഒരുങ്ങുകയാണ്. ഗ്രൂപ്പ് വഴക്കുകള്‍ക്കും വിഭാഗീയതക്കും അവധികൊടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇപ്പോഴെ തയ്യാറെടുത്തുകൊള്ളാന്‍ ബിജെപി കേന്ദ്രനേതൃത്വം കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
തൃശൂരിലെ സുരേഷ്ഗോപിയുടെ വിജയം കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റത്തിന്റെ നാന്ദികുറിക്കലാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. പുതിയ ബിജെപി എംപിമാരെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ നേട്ടം എടുത്തുപറയുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നിന്നും ആറു സീറ്റിലധികം പ്രതീക്ഷിക്കുന്നുവെന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് വന്നത് വലിയൊരു മാറ്റത്തിന്റെ സൂചനയായി ബിജെപി അഖിലേന്ത്യാ നേതൃത്വം കരുതുന്നു. ഇത്രയും കാലം സിപിഎമ്മിനൊപ്പം നിന്ന ഹിന്ദുമതത്തിലെ ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ഇത്തവണ ബിജെപിയിലേക്കൊഴുകി എന്നത് വലിയൊരു ദിശാമാറ്റത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈവോട്ടുകള്‍ ഒരു കാരണവശാലും ചോര്‍ന്ന് പോകാതെ സൂക്ഷിക്കണമെന്ന നിര്‍ദേശമാണ് ബിജെപി കേന്ദ്രനേതൃത്വം നല്‍കുന്നത്.
എന്ത് കൊണ്ടാണ് അറുപത് നിയമസഭാ മണ്ഡലങ്ങളെ തങ്ങളുടെ ടാര്‍ജറ്റാക്കി എടുക്കാന്‍ ബിജെപി തിരുമാനിച്ചത്. ഈ അറുപത് നിയമസഭാ മണ്ഡലങ്ങളില്‍ മുപ്പത്തിഅയ്യായിരം വോട്ടു നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതില്‍ പലതിലും വോട്ടുവിഹിതം ഒരു പതിനായിരംകൂടി വര്‍ധിപ്പിച്ചാല്‍ തങ്ങളുടേതാക്കിമാറ്റാന്‍ കഴിയുമെന്ന ധാരണ ബിജെപിക്കുണ്ട്. വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലൊഴിച്ചുള്ള മറ്റു പതിനൊന്ന് ജില്ലകളിലുമായാണ് ഈ അറുപത് നിയമസഭാ മണ്ഡലങ്ങള്‍ കിടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് വന്ന പതിനൊന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ അറുപതില്‍ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിച്ചുമുന്നോട്ടുപോയാല് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്. മേല്‍പ്പറഞ്ഞ അറുപത് മണ്ഡലങ്ങളെക്കുറിച്ച് വിശദ വിവരങ്ങള്‍ അവയുടെ ജനസംഖ്യാപരമായ സവിശേഷതകളുള്പ്പെടെയുള്ളവ നല്‍കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പുവഴക്കും തമ്മില്‍തല്ലും പാരവയ്പും ഒരിക്കലും അനുവദിക്കില്ലന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രനെതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ പ്രമുഖരായ ബിജെപി നേതാക്കളാണെന്ന വിവരവും കേന്ദ്ര ബിജെപി നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതോടെയാണ് കടുത്ത ചില നിര്‍ദേശങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അവര്‍ നല്‍കിയത്. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മല്‍സരിച്ചില്ലായിരുന്നെങ്കില്‍ ശോഭാ സുരേന്ദ്രന് ജയിക്കുമായിരുന്നു എന്ന നിഗമനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം എത്തിയിരിക്കുന്നത്. അതുപോലെ അടൂര്‍ പ്രകാശല്ല മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ വി മുരളീധരന് ആ സീറ്റ് പിടിക്കാന്‍ കഴിയുമായിരുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു.
സിപിഎമ്മിന്റെ അടിസ്ഥാനശിലയായിരുന്ന പിന്നോക്ക ഹിന്ദുവോട്ടുകള്‍ അവരെ കൈവിട്ടുകഴിഞ്ഞു. അത് കോണ്‍ഗ്രസിലേക്കല്ല മറിച്ച് ബിജെപിയിലേക്കാണ് വരുന്നതെന്നും ആ വോട്ടുകള്‍ പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്താന്‍ വേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ കൈക്കൊള്ളണമെന്നും ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകളിലെ ഒരു വിഭാഗം ബിജെപിക്ക് കിട്ടിയിരുന്നു. അതും നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ചു നടപ്പാക്കണമെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഒരു തെരഞ്ഞെടുപ്പും ഇനി കുട്ടിക്കളിയല്ല.ജയിക്കാന്‍വേണ്ടിയാണ് ഓരോ തെരഞ്ഞെടുപ്പും മല്സരിക്കേണ്ടതെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശം. അത് അനുസരിച്ച് മുന്നോട്ടുപോവുകയേ ബിജെപി സംസ്ഥാന നേതൃത്വത്തിന് കരണീയമായിട്ടുള്ളു