ജയ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ കഴമ്പില്ലെന്നു രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയെ കാണാന്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ദാര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബിജെപി പരാജയ ഭീതിയില്‍ പരിഭ്രാന്തിയിലാണെന്നും ഗെഹ്ലോട്ടിന്റെ മകന് വൈഭവ് ഗെഹ്ലോട്ട് വോട്ടു രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി അര്‍പ്പണബോധത്തോടെയാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മറുപടി പറയുന്നില്ലെന്നും ദൈവത്തിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളില്‍ 199 ലും വോട്ടെടുപ്പ് ആരംഭിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് കരണ്‍പൂര്‍ മണ്ഡലത്തിലൊഴികെയാണ് ഇന്ന് തെരഞ്ഞടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 2018ല്‍ കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 73 സീറ്റുകള്‍ നേടി. ബിഎസ്പി എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്